മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത്. മാലിന്യത്തിനെതിരെ ഗോള്‍ എന്ന പരിപാടിയിലൂടെ യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ മാലിന്യമുക്തം നവകേരളം സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

പഞ്ചായത്തിന്റെയും ആശ്രയം പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന കലാജാഥ അവതരണരീതി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിവരിച്ച തെരുവ് നാടകം സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കാനും ഏറെ സഹായകരമായി.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റൊരു പ്രചാരണ പരിപാടിയ്ക്ക് ഉടന്‍ തുടക്കമിടുമെന്ന് കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ പറഞ്ഞു. പഞ്ചായത്തിലെ വാര്‍ഡുകളെല്ലാം മാലിന്യമുക്ത ഗ്രാമങ്ങളായി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.