പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ചൂലനൂരില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.ആര്‍.ഡി 49-ാം നമ്പര്‍ റേഷന്‍കട പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ കഴിയുംവിധം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള സ്റ്റോര്‍. നഗരപ്രദേശങ്ങളില്‍ നിന്നും മാറി വിദൂരഗ്രാമങ്ങളിലെ റേഷന്‍കടകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍, പാചകവാതക വിതരണം, ശബരി ഉത്പന്നങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. ഭാവിയില്‍ ജനോപകാരപ്രദമായ സേവനങ്ങളും കെ-സ്റ്റോര്‍ വഴി ലഭ്യമാകും. പരിപാടിയില്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കേരളകുമാരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.