മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടക്കുക.
ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും നേരിട്ട പ്രശനങ്ങളും ഹരിത സഭയിൽ ചർച്ച ചെയ്യും. തുടർന്ന് മാലിന്യ സംസ്‌ക്കരണത്തിന് സുസ്ഥിര സംവിധാനം ഉറപ്പാക്കുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് പരിഗണിക്കേണ്ട പ്രോജക്റ്റ് ആശയങ്ങളും ചർച്ചയ്ക്ക് വിധേയമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെ വിവിധ വിഭാഗം സ്ഥാപനങ്ങൾ, സംഘടനകൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഹരിത സഭയിൽ ഉറപ്പാക്കും. 941 ഗ്രാമപഞ്ചായത്തുകളിലായി 150000 പേരും 93 നഗരസഭകളിലായി 25000 പേരും ഹരിതസഭയിൽ പങ്കെടുക്കും മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയിൽ പ്രഖ്യാപിക്കും.