എല്ലാവർക്കും ഇന്റർനെറ്റ് എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വഴിയൊരുക്കുന്ന സ്വപ്‌നപദ്ധതിയായ കെ. ഫോൺ തിങ്കളാഴ്ച (ജൂൺ 5) മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ജില്ലയിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

കെ ഫോൺ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിന് വൈകിട്ട് നാലുമണിക്കു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിലെ അധികൃതരുമായി മുഖ്യമന്ത്രി തത്സമയം സംവദിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും കെ ഫോൺ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്.
കോട്ടയം ജില്ലയിൽ 1900 സർക്കാർ സ്ഥാപനങ്ങളിൽ 1176 സ്ഥാപനങ്ങളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സൗകര്യം എത്തിച്ചു കഴിഞ്ഞു. മറ്റിടങ്ങളിൽ കണക്ഷൻ പൂർത്തീകരണം അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാനായി ജില്ലയിൽ നിയോജകമണ്ഡലടിസ്ഥാനത്തിൽ 943 ബി.പി.എൽ. വീടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 183 വീട്ടിൽ ഇതുവരെ കണക്ഷൻ നൽകി. ബാക്കിയുള്ളവർക്ക് ജൂൺ 30നകം കെ ഫോൺ കണക്ഷൻ ലഭിക്കും.
കോട്ടയം ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലത്തിലും കെ ഫോൺ ഉദ്ഘാടനം നടക്കും.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ വൈകിട്ട് മൂന്നിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം നിയോജകമണ്ഡലത്തിൽ വൈകിട്ട് മൂന്നിന് മൂലേടം എൻ.എസ്.എം.സി.എം. എസ്.എൽ.പി. സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് ഉദ്ഘാടനം ചെയ്യും. മണർകാട് ഇൻഫന്റ് ജീസസ് സ്‌കൂളിൽ വൈകിട്ട് മൂന്നിനാണ് പരിപാടി.
ചങ്ങനാശേരി മണ്ഡലത്തിൽ കുറിച്ചി ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വൈകിട്ട് 4.30ന് ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം പേട്ട സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (പേട്ട ഗവൺമെന്റ് ഹൈസ്‌കൂൾ കോമ്പൗണ്ട്) വൈകിട്ട് മൂന്നിന് നടക്കും. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടക്കുന്ന ചടങ്ങു വൈകിട്ട് മൂന്നിന് പൂഞ്ഞാർ ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. പാലാ നിയോജകമണ്ഡലത്തിലെ പരിപാടിയുടെ ഉദ്ഘാടനം ളാലം ഗവൺമെന്റ് എൽ. പി. സ്‌കൂളിൽ വൈകിട്ട് മൂന്നിന് മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും. വൈക്കം നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം കല്ലറ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് മൂന്നിന് നടക്കും. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈകിട്ട് മൂന്നിന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കും.