മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടന്നത്.
ഹരിതസഭ തദ്ദേശ സ്ഥാപന തലത്തില്‍ അധ്യക്ഷന്‍മാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ നടന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിത സഭയില്‍ അവതരിപ്പിച്ച് ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയില്‍ പ്രഖ്യാപിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് എല്ലാ ഹരിത സഭകളും നടപ്പിലാക്കിയത്.
ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും 2024 മാര്‍ച്ചോടുകൂടി മാലിന്യമുക്തമാക്കുന്നതിനും ഇതിന്റെ ഭാഗമായി നവംബര്‍ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാര്‍ച്ച് 31 നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുമാണ് ഹരിതസഭ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ഹരിതസഭാ പ്രതിനിധികളെ തിരഞ്ഞെടുത്തത്.
ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, ശാസ്ത്ര – സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി – സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ട സെക്രട്ടറി / പ്രസിഡന്റ്, സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍.എസ്.എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകര്‍ – വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍, ഘടക സ്ഥാപന പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷനേഴ്സ് യൂണിയന്‍ പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം ഹരിത സഭയില്‍ ഉണ്ടായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് വയനാട് ജില്ലാ ജോയന്റ് ഡയറക്ടറുടെ കാര്യാലയവും ജില്ലാ ശുചിത്വ മിഷനും ഹരിതസഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.