സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 ജൂൺ അഞ്ചുവരെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവർത്തനങ്ങളുടെ അവതരണവും . ഒക്ടോബർ വരെയുള്ള ഹൃസ്വകാല പ്രവർത്തനങ്ങൾ, 2024 മാർച്ച് വരെയുള്ള ദീർഘകാല പ്രവർത്തനങ്ങൾ എന്നിവയുടെ തുടർനടപടികളും ഹരിതസഭകൾ ചർച്ച ചെയ്തു. മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന രീതിയിൽ മാലിന്യ പരിപാലനം നടത്താനും ക്യാമ്പയിനുകളുടെ ഭാഗമായി ഇതിനോടകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിച്ചു.ജൈവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കിയും, അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് വാതിൽ പടി ശേഖരണവും, പൊതു ഇടങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തും, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്തും, സംഭരണ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്ത കേരളത്തിനായി പ്രവർതത്തിച്ചു.

ഹരിത കർമ്മ സേന അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട പ്രശ്നങ്ങളും ലഭിച്ച പ്രോത്സാഹനങ്ങളും ഹരിത സഭയിൽ അവതരിപ്പിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും ഗ്രൂപ്പ് പ്രതികരണവും നടന്നു. പരിസ്ഥിതി ദിന സന്ദേശമായി പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പരിചയപ്പെടുത്തൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയമനടപടിക്രമങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയും ഹരിത കർമ്മ സേന അംഗങ്ങളെ അനുമോദിക്കലും ഹരിത സഭയുടെ ഭാഗമായി നടന്നു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023 മാർച്ചിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും നിലവിലെ പുരോഗതി, മാറ്റങ്ങൾ,ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങളിൽ നേരിട്ട് പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും ജനകീയ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും 2024 മാർച്ചോടുകൂടി മാലിന്യമുക്തമാക്കുന്നതിനും ഇതിന്റെ ഭാഗമായി 2023 നവംബർ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കേണ്ട ദീർഘകാല ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുമായി ആവിഷ്കരിച്ചിരിക്കുന്ന പ്രവർത്തന പരിപാടികൾ ജനകീയ ചർച്ചക്ക് വിധേയമാക്കി.

മാലിന്യ മുക്ത കേരളത്തിനായി വ്യക്തമായ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായുള്ള ആസൂത്രണത്തിലൂടയും ശാശ്വതമായ പരിഹാരമായി ഹരിത സഭകൾ. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അവതരിപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും. ജനകീയ ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും. ജനകീയ ഓഡിറ്റിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർ സോഷ്യൽ ഓഡിറ്റിന് ടീമിന് റിപ്പോർട്ടുകൾ കൈമാറി.
ഓരോ ഹരിത സഭകളിലും എല്ലാ വാർഡുകളിൽ നിന്നുമുള്ള പ്രാതിനിധ്യമുണ്ടയി. ജനപ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ. വായനശാല പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ശാസ്ത്ര- സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി – സർവ്വീസ് സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ അയൽക്കൂട്ട സെക്രട്ടറി പ്രസിഡന്റ്, സി.ഡി.എസ് – എ.ഡി. എസ് പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, എൻ എസ് എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകർ – വിദ്യാർത്ഥി പ്രതിനിധികൾ, വാർഡ് തല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികൾ, ഘടക സ്ഥാപന പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഹരിതസഭകളിൽ പങ്കെടുത്തു.