സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി കൈമാറിയത് . ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിര്‍ദ്ധനരായ അമ്മമാര്‍ക്ക് വരുമാന മാര്‍ഗം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതി . അയ്യപ്പന്‍കോവില്‍ സ്വദേശി ആന്‍സി കെ സി, രാജപുരം ഭൂമിയാംകണ്ടം സ്വദേശി പൗളി ബെന്നി എന്നീ അമ്മമാരാണ് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ ഉടമസ്ഥരായത്.

55 വയസോ അതിനു താഴയോ പ്രായമുള്ള ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയ ത്രീവീലർ ലൈസൻസുള്ളവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഓട്ടോറിക്ഷ നൽകുന്നത്. തുടക്കത്തിൽ ഓരോ ജില്ലയിലും രണ്ട് പേർക്കാണ് ഓട്ടോ ലഭിക്കുക . ഏകദേശം 3,50000 വിലവരുന്ന പിയാജോ ആപേ ഇലക്ട്രിക് എന്ന വാഹനമാണ് ഇവർക്ക് നൽകുന്നത്. ഇരുവരുടെയും വീടുകളിൽ ചാർജിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ എം എം മണി എംഎൽഎ, ജില്ലാ കളക്ടർ ഷീബാ ജോർജ്,ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് മേധാവി ബിനോയ് വി ജെ തുടങ്ങിയവർ പങ്കെടുത്തു.