ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. കൂട്ടായ പരിശ്രമത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനയതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം, ഭൂരേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ മുന്നേറുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 പട്ടയങ്ങളും രണ്ടാം നൂറുദിനത്തില്‍ 1566 പട്ടയങ്ങളും, രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ നടന്ന പട്ടയമേളയില്‍ 1203 പട്ടയങ്ങളും വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ നടന്ന രണ്ടാം ഘട്ട പട്ടയമേളയില്‍ 803 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ജില്ലയില്‍ പ്രത്യേക കേസുകളിലായി ഭൂരേഖകള്‍ ലഭ്യമല്ലാതിരുന്ന നിരവധി പേര്‍ക്കാണ് ഇതോടെ പട്ടയം ലഭ്യമായത്. മൂന്ന് താലൂക്കുകളിലെയും ഇത്തരത്തിലുള്ള കേസുകള്‍ പരിശോധിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. തഹസില്‍ദാര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേകം യോഗം ചേര്‍ന്നു. ജില്ലയിലെ മൂന്ന് എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക കേസുകളിലായി നിലനിന്നിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും രേഖകള്‍ നല്‍കാനുമായത്.