പാരിസണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്ല് മിച്ചഭൂമി കൈവശക്കാര്‍ക്ക് രേഖകള്‍ നല്‍കല്‍, ചീങ്ങേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കല്‍, കല്‍പ്പറ്റ വില്ലേജിലെ വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത് പതിച്ചു നല്‍കല്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ ഭൂപ്രശ്നങ്ങള്‍ കൂടിയാണ് പരിഹരിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി നില നിന്നിരുന്ന ഈ ഭൂപ്രശ്നങ്ങളില്‍പ്പെട്ട് ആധികാരിക രേഖകളില്ലാതെ വലയുകയായിരുന്നു നിരവധി കുടുംബങ്ങള്‍. ഈ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യഘട്ടത്തില്‍ ഭൂസര്‍വേയ്ക്ക് പ്രത്യേക ടീമിനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി കര്‍മ്മ പദ്ധതികള്‍ ജില്ലാഭരണകൂടം ആസൂത്രണം ചെയ്തു.

ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍, തഹസില്‍ദാര്‍മാര്‍, സര്‍വേ വിഭാഗം എന്നിവരടങ്ങിയ ടീമാണ് ഇതിന് പിന്നില്‍ അണിനിരന്നത്. കോടതി വ്യവഹാരങ്ങളിലടക്കം ഉള്‍പ്പെട്ടിരുന്ന പലഭൂപ്രശ്നങ്ങളും പരിഹരിച്ചാണ് അര്‍ഹരായ കുടുംബങ്ങള്‍ക്ക് രേഖകള്‍ വിതരണം ചെയ്തത്. പാരിസണ്‍ എസ്റ്റേറ്റില്‍ നിന്നും 405.85 ഹെക്ടര്‍ ഭൂമിയാണ് മിച്ചഭൂമിയായി ഏറ്റെടുത്തത്. സര്‍വെ പൂര്‍ത്തിയായ 174 പേര്‍ക്കും, നരിക്കല്‍ മിച്ചഭൂമി കൈവശം വെച്ചിരുന്ന 159 പേര്‍ക്കും, ചീങ്ങേരി ട്രൈബല്‍ എക്സറ്റെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ട 100 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും പട്ടയം ലഭ്യമായത് എക്കാലത്തെയും വലിയ നേട്ടമായി മാറി. പാരിസണില്‍ ബാക്കിയുള്ള 508 പേര്‍ക്കും ചീങ്ങേരിയില്‍ 160 കുടുംബങ്ങള്‍ക്കും, ഈരംകുന്നിലെ 51 പേര്‍ക്കും, വുഡ്ലാന്‍ഡ് എസ്ചീറ്റിലെ 32 ഭൂരഹിതര്‍ക്കും മാര്‍ച്ച് മാസത്തില്‍ നടന്ന പട്ടയമേളയില്‍ രേഖകള്‍ വിതരണം ചെയ്തിരുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ 383 പേരില്‍ ബാക്കിയുണ്ടായിരുന്ന 37 പേര്‍ക്ക് ഒരേക്കര്‍ ഭൂമിയുടെ കൈവശ രേഖയും കൂടാതെ 353 ക്രയസര്‍ട്ടിഫിക്കറ്റുകളും അന്ന് വിതരണം ചെയ്തിരുന്നു.