1976 മുതല്‍ നീണ്ടുനിന്ന വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂപ്രശ്നത്തിന് ഒടുവില്‍ പരിഹാരം. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വന്തം രേഖകളായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അതൊരു പ്രതീക്ഷയായി മാറി. എഴുപത് വര്‍ഷമായി കൈവശമുള്ള അഞ്ചു സെന്റ് ഭൂമിക്ക് പട്ടയം കിട്ടുകയെന്നതായിരുന്നു ഗുഡാലായിക്കുന്നിലെ മമ്മുവിന്റെ സ്വപ്നം. ഒടുവില്‍ ഈ ഭൂമിക്ക് പട്ടയം ലഭിക്കുമെന്നറിഞ്ഞതോടെ കാത്തിരിപ്പിന് വിരാമം.

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് രണ്ടുവര്‍ഷമായി ദുരിതം അനുഭവിക്കുന്ന മമ്മു ഭാര്യ ശാന്തയുമൊത്താണ് പട്ടയം വാങ്ങാനെത്തിയത്. ആദ്യം തന്നെ മമ്മുവിന്റെ പേര് വിളിച്ചപ്പോള്‍ വേദിയിലേക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് എത്താനായില്ലെങ്കിലും മന്ത്രി കെ. രാജനും ടി.സിദ്ദിഖ് എം.എല്‍.എയും ജില്ലാ കളക്ടര്‍ ഡോ. രേണുരാജുമെല്ലാം സദസ്സിലേക്കിറങ്ങി മമ്മുവിന്റെ അരികിലെത്തി പട്ടയം കൈമാറുകയായിരുന്നു.

1995 ലെ മുന്‍സിപ്പല്‍ ഭൂ പതിവ് ചട്ടപ്രകാരം 154 പേര്‍ക്കാണ് വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂമിയില്‍ പട്ടയങ്ങള്‍ ലഭിച്ചത്. ഇവരെല്ലാം കൂട്ടത്തോടെയെത്തി പട്ടയരേഖകള്‍ വാങ്ങി. നാലരപതിറ്റാണ്ടു കാലത്തെ ഇവരുടെ സ്വപ്നമാണ് ഇതോടെ സഫലമായത്.