ക്രിസ്റ്റഫർ നോളന്റെ ‘ഇന്റർസ്‌റ്റെല്ലാർ’ എന്ന പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലറിലെ ‘വേം ഹോൾ’ എന്ന സങ്കൽപ്പം മുതൽ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയിലേക്ക് എങ്ങനെ എത്താമെത്തു വരെ വിദ്യാർഥികൾക്കു മുന്നിൽ വിശദീകരിച്ച് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്. ശാസ്ത്രവിഷയത്തിൽ അഭിരുചിയുളള ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്ര(ഐ.എസ്.ആർ.ഒ.)ത്തിന്റെ നേതൃത്വത്തിൽ വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജിൽ സംഘടിപ്പിച്ച ഏകദിനശിൽപശാല ‘ശൂന്യാകാശത്തിന്റെ അതിരുകൾ തേടി’ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് ഗഹനമായ ശാസ്ത്രവിഷയങ്ങൾ മുതൽ ലളിതമായ കൗതുകങ്ങൾ വരെയുള്ളവയ്ക്ക് ഐ.എസ്.ആർ.ഒ. ചെയർമാൻ സരസവും ലളിതവുമായി മറുപടി നൽകിയത്.
സൻസദ് ആദർശ് ഗ്രാം യോജന(എസ്.എ.ജി.വൈ) പദ്ധതി പ്രകാരം രാജ്യസഭാംഗം ബിനോയ് വിശ്വം ദത്തെടുത്തിട്ടുള്ള തലയാഴം ഗ്രാമപഞ്ചായത്തിലാണ് പദ്ധതിപ്രകാരം ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ശിൽപശാലയും പൊതുജനങ്ങൾക്കായി ബഹിരാകാശ പ്രദർശനവും ഒരുക്കിയിട്ടുള്ളത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ബഹിരാകാശരംഗത്ത് അമേരിക്കയ്ക്ക്് ഒപ്പം അധികം വൈകാതെ തന്നെ ഇന്ത്യയെത്തും. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യരെ എത്തിക്കുക എന്നുള്ളത് ഐ.എസ്.ആർ.ഒയുടെ പ്രധാനപ്പെട്ട ജോലിയാണെന്നും എസ്.സോമനാഥ് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനമാണ് ലോകം ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭീഷണി. കാലാവസ്ഥ വ്യതിയാനത്തിന്റെ സമയപരിധി ഇന്നു വളരെ കുറഞ്ഞിരിക്കുന്നു. ജീവജാലങ്ങൾക്കു ഈ മാറ്റത്തിന്റെ വേഗം അതിജീവിക്കാനാകുന്നില്ല. ഭൂമിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാൻ ബഹിരാകാശ സാങ്കേതികവിദ്യ പോലെ ഉപകരിക്കുന്ന മറ്റൊന്നില്ല. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കാനുള്ള ഏറ്റവും വലിയ ഉപകരണങ്ങൾ ഉപഹഗ്രഹങ്ങളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കാൻ ഐ.എസ്.ആർഒയും നാസയും ചേർന്നു വിക്ഷേപിക്കുന്ന ഉപഗ്രഹമാണ് നിസാർ(നാസ ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പേർച്ചർ റഡാർ). ഈ വർഷം തന്നെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കും-എസ്.സോമനാഥ് പറഞ്ഞു.
ഇന്ന് ഐ.എസ്.ആർ.യുടെ പ്രവർത്തനങ്ങൾ ലോകനിലവാരത്തിലുള്ളതാണ്.
അമേരിക്കയിലെയും യൂറോപ്പിലെയും ബഹിരാകാശ ഏജൻസികൾ ഐ.എസ്.ആർ.ഒയ്‌ക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഏറെ താൽപര്യപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞ പണം മുടക്കിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശേഷി കൈവരിച്ച ബഹിരാകാശ ഏജൻസിയാണ് ഐ.എസ്.ആർ.ഒ. അത്തരത്തിൽ ലോകത്തു തന്നെ ഒന്നാം നമ്പറാണ് ഐ.എസ്.ആർ.ഒയെന്നും ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ചടങ്ങിൽ ബിനോയ് വിശ്വം എം.പി. ആധ്യക്ഷം വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്തിലെ സൻസദ് ആദർശ് ഗ്രാം യോജനയുടെ രണ്ടാം ഭാഗമായി ശിൽപശാലയിൽ പങ്കെടുത്ത തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 22ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ റോക്കറ്റ് വിക്ഷേപണം കാണാൻ അവസരമൊരുക്കുമെന്നും ബിനോയ് വിശ്വം എ.പി. പറഞ്ഞു.
പരിപാടിയുടെ സന്ദേശാവതരണവും ബഹിരകാശ എക്‌സിബിഷൻ ഉദ്ഘാടനവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയുള്ള വാട്ടർ റോക്കറ്റിന്റെ വിക്ഷേപണവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു.
വിക്രം സാരാഭായ് സ്‌പേസ് സെന്റർ( വി.എസ്.എസ്.സി.) ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിശിഷ്ടാതിഥിയായിരുന്നു.
തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗം ഷീജ ഹരിദാസ്, ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടറും എസ്.എ.ജി.വൈ. ജില്ലാ നോഡൽ ഓഫീസറുമായ പി.എസ്. ഷിനോ, കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ ജിൻസൺ ഡി. പറമ്പിൽ, കോളജ് മാനേജർ ഫാദർ റെജു കന്നംപുഴ, ജില്ലാ വനിതാക്ഷേമ ഓഫീസർ ലഷ്മി പ്രസാദ് എന്നിവർ പ്രസംഗിച്ചു.