ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരിഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എരുത്തേമ്പതി ഐ.എസ്.ഡി ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്പതി, എരുത്തേമ്പതി സർക്കാർ ഫാമുകളിൽ പ്രത്യേക സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഫാമുകളെ കുറിച്ച് മുഴുവൻ വിവരങ്ങളും വകുപ്പിലുള്ളതിനാൽ ഇത് അടിസ്ഥാനമാക്കിയാവും സന്ദർശനം.

ഫാമുകൾ കർഷകർക്ക് ഉപകാരപ്പെടുന്നത് ആവണമെന്നും വിത്തുകൾ, തൈകൾ എന്നിവ ഗുണമേന്മയോടെ അവർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് സഹായകമായി ഫാമുകളെ നിലനിർത്തുക എന്നത് ഉത്തരവാദിത്തമാണ്. സർക്കാർ ഫാം ഉല്‍പന്നങ്ങൾക്ക് വിപണിയിൽ വലിയ വിശ്വാസതയുള്ളതിനാൽ അതിന്റെ സാധ്യതകൾ ഓൺലൈനിലൂടെ കൂടി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. എരുത്തേമ്പതി ഫാം സന്ദർശിച്ച മന്ത്രി ഫാമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഫാം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജീവനക്കാരുമായി ചർച്ച നടത്തി. പരിപാടിയിൽ പ്ലാന്റ് സൂപ്രണ്ട് വി.വി സുരേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.ഡി മീന, ഉദ്യോഗസ്ഥർ പങ്കെടുത്തു.