മാനന്തവാടി മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ച ലക്ഷ്യമാക്കി തുടങ്ങിയ ഉജ്ജ്വലം പദ്ധതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാനന്തവാടി മണ്ഡലത്തില്‍ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസം തോറും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാതലത്തില്‍ ആസൂത്രണങ്ങള്‍ നടത്തും. വിജയശതമാനത്തില്‍ പിന്നിലാവുന്ന അവസ്ഥ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. ഒന്നു മുതല്‍ നാല് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനും ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ഗവ. യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പ്രകാശനം ചെയ്തു.
ബി.പി.സി കെ.കെ സുരേഷ് പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്.ബി പ്രദീപ് മാസ്റ്റര്‍, പി.എം.ആസ്യ, മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എന്‍ ഹരീന്ദ്രന്‍, ചന്തു മാസ്റ്റര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എം ഗണേഷ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സണ്‍, ഡി.പി.ഒ എം.ജെ ജോണ്‍, പ്രിന്‍സിപ്പാള്‍ പി.സി തോമസ് , പി.ടി.എ പ്രസിഡണ്ട് എ.കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തുക, കായിക വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഉജ്ജ്വലം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.