പ്ലസ് വണ്‍ പ്രവേശനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കൈനാട്ടി ഗവ.ഐ.ടി.ഐ ക്വാര്‍ട്ടേഴ്‌സ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരോട് പ്രെപ്പോസില്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലയിലും സൃഷ്ടിച്ച പുതിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നത്തെ വളര്‍ച്ച. ദേശീയ മാനവശേഷി വികസന സൂചികയില്‍ കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യ ശേഷി ഏറെ മുന്നിലാണ്. എല്ലാവര്‍ക്കും തൊഴില്‍ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. നൈപുണ്യ വികസന കേന്ദ്രങ്ങളായി ഐ.ടി.ഐകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു.

വ്യാവസായിക പരിശീലന വകുപ്പും, ഐ.ടി.ഐ കളും യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 12 ഐടിഐകളെ അന്താരാഷ്ട്ര ഐ.ടി.ഐ കളായി ഉയര്‍ത്തി. 14 ഐ.ടി.ഐകളില്‍ പ്രൊഡക്ഷന്‍ സെന്ററുകള്‍ തുടങ്ങി എല്ലാ. ജില്ലകളിലും ശ്രദ്ധേയമായതൊഴില്‍മേളകള്‍ സംഘടിപ്പിച്ച് പരമാവധി കുട്ടികള്‍ക്ക് ജോലി ലഭ്യമാക്കിയിട്ടുണ്ട്. 895 മള്‍ട്ടി നാഷണല്‍ കമ്പനികള്‍ 21,280 കുട്ടികളില്‍ നിന്നാണ് പ്രാവീണ്യമുള്ളവരെ കണ്ടെത്തിയത്. ഈ ചുരുങ്ങിയ കാലയളവില്‍ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ 9 പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. സാങ്കേതിക സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒ.സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ വത്സല, വ്യവസായിക പരിശീലന വകുപ്പ് കെ.പി ശിവശങ്കരന്‍, പ്രിന്‍സിപ്പാള്‍ എ.എസ് സെയ്തലവിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് കോടി മൂന്ന് ലക്ഷം രൂപ ചിലവിലാണ് കെ.എം.എം.ഗവ.ഐ.ടി.ഐ ക്ക് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നത്. പൊതുമാരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണം ചുമതല ഏറ്റെടുത്തിരിക്കുന്നത്.