‘അമ്പത് വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം പൂവണിഞ്ഞല്ലോ. മനസ്സ് നിറയെ ആധിയായിരുന്നു. ഇനി ആരും ഇറക്കി വിടില്ലെന്ന ധൈര്യമുണ്ട്’ വെറ്റിലപ്പാറ ഓടക്കയം പണിയ കോളനിയിലെ ഊര് മൂപ്പൻ കൊടമ്പുഴ ഗോപാലകൃഷ്ണന് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. 85 വയസ്സ് കഴിഞ്ഞ ഗോപാലകൃഷ്ണൻ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായി. ഇതിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. വർഷങ്ങളായുള്ള അലച്ചിലിനാണ് കഴിഞ്ഞ ദിവസം പരിഹാരമായത്. കോളനിയിലെ 24 കുടുംബങ്ങൾക്കും മന്ത്രി കെ രാജൻ പട്ടയമേളയിൽ പട്ടയം കൈമാറി.
മൂന്നര, നാല് സെന്റ് ഭൂമിയിലാണ് എല്ലാവരുടെയും താമസം. തൃക്കളയൂർ ദേവസ്വം വക ഭൂമിയാണിത്. അരനൂറ്റാണ്ടിലധികമായി കോളനി നിവാസികൾ ഇവിടെ താമസം തുടങ്ങിയിട്ട്. ലൈഫ് മിഷനിൽ ലഭിച്ച വീട് പോലും ഇവർക്ക് നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ഭൂമിയല്ലെന്നതിനാൽ പേടിയോടെയാണ് കഴിഞ്ഞിരുന്നതെന്ന് കോളനിവാസികൾ പറയുന്നു. വരും തലമുറയ്ക്ക് അഭിമാനത്തോടെ കേറി കിടക്കാൻ ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിൽ അതിഥികൾക്കൊപ്പം ഫോട്ടോയെടുത്താണ് കുടുംബം പട്ടയമേളയിൽ നിന്നും പോയത്.