ചാലക്കുടി നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പദ്ധതികൾ കേന്ദ്ര സംഘം സന്ദർശിച്ചു. ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയം ഡയറക്ടറും ജലശക്തി അഭിയാൻ ചീഫ് നോഡൽ ഓഫീസറുമായ ദീപക് ശ്രീവാസ്തവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് സന്ദർശിച്ചത്.
കുളങ്ങളുടെ ആഴം വർധിപ്പിച്ച് ജലസംഭരണശേഷി ഉയർത്താൻ കേന്ദ്ര സംഘം പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. ജലാശയങ്ങൾ മലിനമാക്കാതെ സംരക്ഷിക്കാനും സംരക്ഷണഭിത്തികൾ നിർമ്മിച്ച് സുരക്ഷ ഉറപ്പ് വരുത്താനും സംഘം നിർദ്ദേശിച്ചു. കൂടാതെ നവീകരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായമറിയാൻ പൊതുജനങ്ങളോട് സംവദിക്കുകയും ചെയ്തു.

പോട്ടയിലെ എൻ ജി ഒ ആയ മഴപ്പൊലിമയുടെ മഴവെള്ള സംഭരണം കിണർ റീചാർജിങ് പദ്ധതിയും കൊരട്ടിയിലെ വാട്ടർ അതോറിറ്റി വകുപ്പിന്റെ ജലശുദ്ധീകരണ പ്ലാന്റ്, അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുന്ന കോടശ്ശേരി പഞ്ചായത്തിലെ താണിക്കുളം, മേലൂർ പഞ്ചായത്തിലെ കിഴക്കിനമ്പിള്ളി, പുരച്ചിറ തുടങ്ങിയ ജലാശയ നവീകരണ പദ്ധതികളാണ് കേന്ദ്ര സംഘം സന്ദർശിച്ചത്.
ജില്ലയിലെ ജലസംരക്ഷണ മാർഗങ്ങളെക്കുറിച്ചും ജലസംഭരണ നിർമിതികളെയും കുറിച്ച് പഠിക്കാനും അവലോകനം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് സംഘം വിവിധ സ്ഥലങ്ങളിലെ നിർമിതികളിൽ സന്ദർശനം നടത്തുന്നത്. മഴവെള്ള ശേഖരണം ഉറപ്പാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

സെന്ററൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ടെക്നിക്കൽ ഓഫീസർ സ്വപ്ന സാക്ഷി, ഭൂജല വകുപ്പ് സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഓഫീസറുമായ ഡോ. സന്തോഷ് എൻ, ഭൂജല വകുപ്പ് ജിയോഫിസിസ്റ്റ് രേവതി ഐ വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
സന്ദർശനത്തിൽ ബ്ലോക്ക് സെവലപ്പ്മെന്റ് ഓഫീസർ രാധാമണി ടി സി, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിത എം എസ്, എംജിഎൻആർഇജി അസിസ്റ്റന്റ് എഞ്ചിനീയർമാരായ ജോവിത, മിഥുൻ, വാട്ടർ അതോററ്റി ഉദ്യേഗസ്ഥർ, ജനപ്രതിനികൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.