സാമൂഹ്യനീതി വകുപ്പ് വിപുലമായ വയോജന സർവേ ആരംഭിക്കുന്നു. ഇതിന്റെ പ്രഖ്യാപനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരത്ത് നടത്തി. സർവേയിലൂടെ വയോജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനാണ് ശ്രമം. സർവേയുടെ ഭാഗമായി എല്ലാ വീടുകളിലും ആളെത്തും. കേരളത്തിൽ വയോജനങ്ങൾക്ക് നേരേയുള്ള അതിക്രമം വർധിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

വയോജനങ്ങൾക്കായി ഒരു കമ്മീഷനും സർക്കാർ രൂപീകരിക്കും. വയോജനങ്ങളെ പരിപാലിക്കുന്ന കെയർ ഗിവർമാർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി പല തദ്ദേശസ്ഥാപനങ്ങളിലും വയോജന ക്‌ളബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ കേരളം മുഴുവൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.