നാടിന്റെ ജീവനാഡിയായ തോടുകളെ സംരക്ഷിക്കാൻ മാള പുത്തൻചിറയിൽ 58 ലക്ഷം രൂപയുടെ ബഹുവർഷ തോട് നവീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്തുകളുടെ ഭാഗമായി വരുന്ന വഴിക്കിലിച്ചിറ, കരിങ്ങോർച്ചിറ, മാരേക്കാട് തോട് നവീകരണത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.
രണ്ടുവർഷം കൊണ്ട് തീർക്കാവുന്ന രീതിയിൽ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് ബഹുവർഷ പദ്ധതി നടപ്പാക്കുന്നത്. ചളിയും ചണ്ടിയും അടക്കമുള്ള മാലിന്യ സംസ്കരണം, തോട് നവീകരണം തുടങ്ങിയ പ്രവൃത്തികൾ വഴിയാണ് പദ്ധതി നടത്തുന്നത്. പത്തോളം പാടശേഖരങ്ങൾ പുത്തൻചിറയിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ള സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ഉപ്പുവെള്ളം കയറുന്ന മേഖലയിൽ നവീകരണം ഗുണകരമാകും.
പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്തുകളുടെ പരിധിയിലൂടെയാണ് തോട് പോകുന്നത്. കൃഷിഭൂമിക്ക് ഉപയോഗിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഇതുവഴി കഴിയും. കുടിവെള്ള പദ്ധതിക്കായും ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മഞ്ജു റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് അറിയിച്ചു.