അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ ഭാഗമാകാൻ കഴിയും. പാവപ്പെട്ടവന്റെ ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന സർക്കാരാണ്  കേരളത്തിലുള്ളത്. 16 വ്യത്യസ്ത ക്ഷേമനിധികളിലായി 62 ലക്ഷം അംഗങ്ങൾ ഇന്നുണ്ട്. 1600 രൂപ വീതം സാമൂഹിക ക്ഷേമ സുരക്ഷാ പെൻഷൻ ലക്ഷക്കണക്കിനാളുകൾക്ക് പ്രയോജനകരമാകുന്നു.

വിദ്യാഭ്യാസസരംഗത്ത് കഴിഞ്ഞ ഏഴ് വർഷക്കാലം 3700 കോടി രൂപ സർക്കാർ ചെലവഴിച്ചു. നിലവിൽ പത്തരലക്ഷം കുട്ടികൾ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആദ്യമായി സ്‌കൂളിൽ ചേരുന്ന വിദ്യാർഥികൾക്കുള്ള പഠന ധനസഹായ വിതരണവും ക്ഷേമ നിധി ഓഫീസുകളിലെ ഇ-ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഇഒ ബിച്ചു ബാലൻ സ്വാഗതവും ബോർഡ് അംഗം എ. സിയാവുദീൻ നന്ദിയും അറിയിച്ചു.