അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ ഭാഗത്തുള്ള അടിച്ചിലിത്തൊട്ടി ആദിവാസി കോളനിയിൽ കുടിവെള്ള പദ്ധതിയെത്തുന്നു. കോളനിയിൽ ഉൾപ്പെട്ട 99 വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകൾ നൽകുന്നതാണ് പദ്ധതി. നിലവിൽ കുടിവെള്ള പദ്ധതികൾ ഇല്ലാത്ത പ്രദേശമാണിത്.

2022 സെപ്തംബറിൽ ചേർന്ന ഊരുകൂട്ടത്തിൻ്റെ അടിസ്ഥാനത്തിൽ കുടിവെള്ള പദ്ധതിക്ക് ആവശ്യപ്പെടുകയും ആവശ്യമായ അനുമതികളും നേടിയെടുക്കുകയും ചെയ്തിരുന്നു. പദ്ധതി നിർവഹണത്തിന് ആവശ്യമായ ഫോറസ്റ്റ് അനുമതി 2023 മാർച്ചിൽ ലഭിച്ചു. ജൽജീവൻ മിഷൻ 95 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കരാറുകാരനായ പി വി കലേഷിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

പദ്ധതിയുടെ ശ്രോതസ്സായ കിണർ കോളനിയുടെ ഉള്ളിൽ തന്നെ നിർമിക്കും. കിണറിന് മുകളിലായി പമ്പ് ഹൗസ് നിർമിക്കും. പമ്പ് സെറ്റ് പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി അടുത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നും ലഭ്യമാക്കും. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി പ്രഷർ ഫിൽറ്റർ നിർമിക്കുന്നുണ്ട്. 5000 ലിറ്റർ കപ്പാസിറ്റിയോടുകൂടിയ 4 പിവിസി സ്റ്റോറേജ് ടാങ്കുകൾ അടങ്ങുന്ന ഓവർ ഹെഡ് സർവീസ് റിസർവോയറും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.