ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾക്ക് തുടക്കമായി

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അടിച്ചിൽത്തൊട്ടി, പെരുമ്പാറ കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് അടുത്ത വർഷത്തോടെ ശാശ്വത പരിഹാരമാവുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. രണ്ട് കോളനികളിലെയും ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ റോഡ് ഉൾപ്പെടെ വലിയ വികസനമാണ് കോളനിയിൽ ഉണ്ടായിരിക്കുന്നത്. കോളനികളിലെ കാപ്പി, കുരുമുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

കോളനികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ എല്ലാ വിധ പിന്തുണയും ജില്ലാ കലക്ടർ വാഗ്ദാനം ചെയ്തു. തൃശൂർ അസിസ്റ്റൻ്റ് കലക്ടറായിരിക്കെ സമ്പൂർണ ഒഡിഎഫ് പദ്ധതിയുടെ ഭാഗമായി അടിച്ചിൽത്തൊട്ടി കോളനിയിൽ രണ്ട് ദിവസം താമസിച്ചതിൻ്റെ ഓർമകൾ ജില്ലാ കലക്ടർ പങ്കുവച്ചു.

തുടർന്ന് നടന്ന അദാലത്തിൽ ജില്ലാ കലക്ടർ കോളനി നിവാസികളുടെ പരാതികൾ കേട്ടു. വന്യമൃഗശല്യം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നശിച്ച കൃഷികൾക്ക് നഷ്ടപരിഹാരം, വീട് നിർമാണം, വീട് പുനർനിർമാണം, സൗജന്യ പിഎസ് സി കോച്ചിംഗ്, മൊബൈൽ ടവർ, മരണ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐഡി കാർഡ്, പുറമെ നിന്ന് ആളുകളെത്തി മദ്യ വിതരണം നടത്തുന്നത്, പഠനം മുടങ്ങിയ നാൽപതിലേറെ പേരുടെ തുടർ പഠനത്തിന് സൗകര്യം ഒരുക്കൽ തുടങ്ങിയ കാര്യങ്ങളാണ് അദാലത്തിൽ കോളനി നിവാസികൾ ഉന്നയിച്ചത്.പ്രശ്നങ്ങൾക്ക് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പെരുമ്പാറ, അടിച്ചിൽത്തൊട്ടി കോളനികളിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ, ശാന്തി വിജയകുമാർ, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വാസുദേവൻ, ജില്ലാ ട്രൈബൽ ഓഫീസർ ഹെറാൾഡ് ജോൺ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി ബി അഖിൽ, വി എസ് സജീഷ്, വാട്ടർ അതോറിറ്റി സപ്പോർട്ടിംഗ് എഞ്ചിനീയർ പി എസ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.