ആര്യാട് ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി വികസനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. സുയമോള്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ കെ. ബിനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണ് വികസനോത്സവം. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും പട്ടികജാതി ഗേള്‍സ് ഹോസ്റ്റലില്‍ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥിനികളെയും ചടങ്ങില്‍ ആദരിച്ചു.

ആര്യാട് ബ്ലോക്കിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന 2022- 23 വര്‍ഷം സേഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനായി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 32 ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും 32 വിദ്യാര്‍ത്ഥികള്‍ക്കായി 64 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പഠന മുറികളുടെ താക്കോല്‍ദാനവും ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ യോഗത്തില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. അജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. ലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാര്‍ ചിറ്റേഴം, വി.കെ പ്രകാശ് ബാബു, സി.ആര്‍. സരസ കുമാര്‍, ടി.കെ ശരവണന്‍, സിന്ധു രാജീവ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.