മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പരിപാലന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൂൺ 26 മുതൽ 30 വരെ ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് സന്ദർശനം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കാളികളാകും.
ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകി. ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങൾ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് അവതരിപ്പിച്ചു. സന്ദർശന സമയത്ത് പഞ്ചായത്തുകൾക്ക് നൽകേണ്ട നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
എല്ലാമാസവും അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറി 100% യൂസർഫീ കലക്ഷൻ സാധ്യമാക്കുന്നുണ്ടെന്ന് സന്ദർശക സംഘം ഉറപ്പു വരുത്തും. റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും. ഇതോടൊപ്പം മാലിന്യ പരിപാലനത്തിൽ സോഷ്യൽ ഓഡിറ്റിങ്ങും നടക്കും.
നവകേരളം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൃപ വാരിയർ, ക്ലീൻ കേരള ജില്ലാ മാനേജർ സുധീഷ് തൊടുവയിൽ, ഡിപിസി ഗവ. നോമിനി എ സുധാകരൻ, കെ എസ് ഡബ്ല്യൂ എം പി സോഷ്യൽ എക്സ്പേർട്ട് ജാനറ്റ് ടി.എ, എൽ.എസ്.ജി.ഡി ജെ എസ് പ്രകാശ് കെ.എം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.