ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. സുസ്ഥിര ഊര്‍ജ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി അനെര്‍ട്ടും വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച കിക്ക് ഓഫ് വര്‍ക് ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ മാത്രമേ വ്യവസായ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിക്കുകയുള്ളു. ചെലവ് കുറഞ്ഞ വൈദ്യുതി എന്ന നിലയില്‍ ജലവൈദ്യുത പദ്ധതികളെയാണ് നമ്മുടെ സംസ്ഥാനം കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ മൂവായിരം ടി എം സി വെള്ളം ലഭിക്കുന്ന കേരളത്തില്‍ ജലസേചനം, കൃഷി, കുടിവെളളം, വൈദ്യുതി എന്നിവക്കെല്ലാവയി 300 ടി എം സി വെള്ളമാണ് കേരളം ഉപയോഗിക്കുന്നത്.

ചെറുകിട വൈദ്യുത പദ്ധതികളുള്‍പ്പെടെ കമ്മീഷന്‍ ചെയ്ത് വൈദ്യുത ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. ജലവിഭവം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്ത സംസ്ഥാനങ്ങളുടെ ജലം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന രീതിയിലുള്ള കേന്ദ്രഗവണ്‍മെന്റ് നയവും കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 26 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയുള്ള കേരളത്തില്‍ മൂന്ന് ലക്ഷം കൃഷി ഭൂമിയിലാണ് ജലസേചനം നടത്തുന്നത്. സോളാര്‍ പമ്പുകള്‍ വ്യാപകമാക്കി ജലസേചനം വ്യാപകമാക്കുന്നതിലൂടെ കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പ്പാദനം വര്‍ധിക്കും. ഇതിനായി കുസും പദ്ധതി വ്യാപകമാക്കും. പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളടക്കം പരമാവധി ഉപയോഗപ്പെടുത്തി സ്റ്റോറേജ് സംവിധാനമടക്കം നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നിലവില്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ആസൂത്രണ ബോര്‍ഡ് അംഗം രവിരാമന്‍, ഇ എം സി ഡയറക്ടര്‍ ആര്‍ ഹരികുമാര്‍, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഭരത് ജയ്രാജ്, സന്ധ്യ സുന്ദരരാഘവന്‍, ധിമോണ്‍ സൂബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.