യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപയോഗവും പ്രവര്‍ത്തനവും ഉറപ്പാക്കണം. ക്യാമ്പയിന്റെ ഭാഗമായി ബഹുജന പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണം. വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യനിക്ഷേപം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശില്‍പശാലയില്‍ നിര്‍ദേശിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ വാതില്‍പ്പടി യൂസര്‍ഫീ ശേഖരണത്തില്‍ പുറകില്‍ നില്‍ക്കുന്ന പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഡി.ആര്‍.ഡി.എ. ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയിലായിരുന്നു ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. വാതില്‍പ്പടി ശേഖരണത്തില്‍ 15 ശതമാനത്തില്‍ താഴെയുള്ള 11 പഞ്ചായത്തുകളുടെ യോഗമാണ് ചേര്‍ന്നത്. യൂസര്‍ ഫീ കളക്ഷനില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അബിജിത്, കില ജില്ലാ ഫെസ്സിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.