നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് താങ്ങായത്.അദാലത്തിൽ തന്റെ നിസ്സഹായ അവസ്ഥ പറയുവാനായി വന്നതായിരുന്നു നന്ദനയും അച്ഛനും. മന്ത്രി കെ രാജന്റെയും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെയും മുന്നിൽ നന്ദനയുടെ ജീവിത സാഹചര്യം എൻ കെ അക്ബർ എംഎൽഎ വിശദീകരിച്ചു.
തുടർന്ന് നന്ദനയ്ക്ക് ശ്രവണ സഹായി നൽകുമെന്ന് മന്ത്രി കെ രാജൻ ഉറപ്പു നൽകി.സർക്കാരും ജില്ലാ ഭരണകൂടവും മണപ്പുറം ഫൗണ്ടേഷനും കൈകോർത്തപ്പോൾ നന്ദനയ്ക്ക് ലഭിച്ചത് കേൾവിയുടെ പ്രതീക്ഷയുടെ പുതിയ ജീവിതമാണ്. തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ സർക്കാരിന് ഏറെ നന്ദി പറയുകയാണിപ്പോൾ നന്ദന.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന ജന്മനാ കേൾവിക്ക് വെല്ലുവിളി നേരിട്ടിരുന്ന കുട്ടിയാണ്. ചായക്കട നടത്തിയാണ് അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവും വീട്ടു കാര്യങ്ങളും കൂട്ടിമുട്ടിക്കാൻ അച്ഛൻ ബിനു വളരെ പ്രയാസപ്പെടുകയാണ്.മകൾക്ക് ശ്രവണസഹായി വാങ്ങുക എന്നത് ബിനുവിന്റെ വലിയൊരു സ്വപ്നം കൂടിയായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ന്ധങ്ങൾക്കിടയിൽ അതിനിടം കിട്ടാതെ വിഷമിച്ച ഘട്ടത്തിലാണ് സർക്കാർ ഈ കുടുംബംത്തിന് കരുതലേകിയത്. ഒന്നര ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് കൈമാറിയത്.
കരുതലും കൈത്താങ്ങും അദാലത്തിലൂടെ ശ്രവണസഹായി ലഭിച്ച സന്തോഷത്തിലാണ് നന്ദനയും കുടുംബവും. നന്ദനക്ക് ഇനി കൊച്ചനുജൻ നിവേദിന്റെ കുസൃതികൾക്കൊപ്പം കൂടാം.കൂട്ടുകാരുമായി കളിച്ചും ചിരിച്ചും രസിക്കാം .