പലവിധ അസുഖങ്ങളുടെ വയ്യായ്കയും കൈപൊട്ടിയതിന്റെ വേദനയുമായാണ് ശാന്ത പട്ടയമേളയ്ക്ക് എത്തിയത്. മന്ത്രിയില്‍ നിന്ന് പട്ടയം കൈയില്‍ കിട്ടിയപ്പോള്‍ ഈ വേദനകള്‍ക്കിടയിലും മുഖത്ത് സന്തോഷം നിറഞ്ഞു. അഞ്ച് പതിറ്റാണ്ട് കാത്തിരുന്ന നിമിഷം. അതുകൊണ്ടാണ്  അസുഖങ്ങളുടെ അവശതകള്‍ വകവെക്കാതെ പയ്യന്നൂര്‍ വെള്ളൂര്‍ പുതിയങ്കാവിലെ പി പി ശാന്ത പട്ടയം വാങ്ങാൻ നേരിട്ടെത്തിയത്.

53 വര്‍ഷത്തിന് ശേഷം കിട്ടുന്ന പട്ടയം നേരിട്ട് വാങ്ങണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. ഭര്‍ത്താവുമൊന്നിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ  താമസിച്ചു തുടങ്ങിയ വീട് ഉള്‍പ്പെടെയുള്ള അഞ്ചര സെന്റ് എല്ലാ അവകാശങ്ങളോടും കൂടെ സ്വന്തമായതിന്റെ ആശ്വാസം. അമ്മക്ക് ഇത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നല്‍കുന്നുവെന്ന് കൂടെ വന്ന മരുമകള്‍ രഞ്ജിനി പറഞ്ഞു.

65 വയസുകാരിയായ ശാന്തക്ക് അസുഖങ്ങളേറെയാണ്. 3 മാസം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി. കുറേക്കാലം മംഗലാപുരത്തെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കിഡ്‌നിക്കും പ്രശ്‌നമുണ്ട്. ശ്വാസകോശം 50 ശതമാനം പ്രവര്‍ത്തന രഹിതമാണ്. അതിനിടയിലാണ് ഈയിടെ വീട്ടില്‍ നിന്നും വഴുതിവീണ് കൈ പൊട്ടിയത്. പക്ഷെ ഈ പ്രശ്‌നങ്ങളൊന്നും ശാന്തയെ ആ നിമിഷം അലട്ടിയിരുന്നില്ല. അഞ്ച് പതിറ്റാണ്ടുകളായി കാത്തിരുന്ന പട്ടയം കയ്യിലെത്തിയ സന്തോഷം ഈ വേദനകളെയെല്ലാം മറക്കുന്നതായിരുന്നു. മകനും മരുമകളും രണ്ട് പേരമക്കള്‍ക്കുമൊപ്പമാണ് ശാന്ത താമസിക്കുന്നത്.