ക്രോപ്പ് ഡോക്ടര്‍ പദ്ധതി തൊണ്ടാര്‍നാട് കൃഷിഭവനില്‍ ആരംഭിച്ചു. 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കര്‍ഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നല്‍കി നിര്‍വഹിച്ചു. കാര്‍ഷിക വിളകളില്‍ രോഗകീട പ്രശ്നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ കൃഷിഭവനില്‍ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നല്‍കുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി.

അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഹോസ്പിറ്റലുകളില്‍ നിന്നും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്നത് പോലെ കൃഷിഭവനില്‍ നിന്നും മരുന്ന് നല്‍കുന്ന ക്രോപ്പ് ഡോക്ടര്‍ പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസമാകും. ആഴ്ച്ചയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനില്‍ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താര്‍, കുസുമം, കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.