ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വൻ വിജയമായി. വിവിധ പദ്ധതികളിൽ ലക്ഷങ്ങളുടെ സഹായ വാഗ്ദാനങ്ങളുമായി വിവിധ കോർപ്പറേറ്റ് പ്രതിനിധികൾ പടിഞ്ഞാറത്തറ താജ്

വയനാടിൽ നടന്ന വൈഫൈ 23 കോൺക്ലേവിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഇതാദ്യമായാണ് നാടിൻ്റെ വികസനത്തിനായി കോർപ്പറേറ്റ് സാമുഹിക പ്രതിബദ്ധത ഏജൻസികളെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺക്ലേവ് സംഘടിപ്പിച്ചത്.
വയനാടിന്റെ വിവിധ മേഖലകളില്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളില്‍ ലക്ഷ്യമിടുന്ന പ്രോജക്ടിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകള്‍ സെക്ടറുകളായി തിരിച്ചാണ് കോണ്‍ക്ലേവില്‍ വിഷയാവതരണം നടത്തിയത്. സര്‍ക്കാര്‍ പദ്ധതികളോടൊപ്പം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ് ഫണ്ടുകള്‍ കൂടി ലഭ്യമാക്കി ജില്ലയ്ക്ക് അതിവേഗ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയുടെ അതീവ പ്രാധാന്യമുള്ള മേഖലയിലാണ് സി.എസ്.ആര്‍ ഫണ്ടുകളുടെ പിന്തുണ ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചത്. പ്രമുഖ കമ്പനികളെല്ലാം അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ ലഭ്യമാക്കാൻ സന്നദ്ധതകൾ അറിയിച്ചു.

നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സി.എസ്.ആർ ഫണ്ടുകൾ കൂടുതലായി വിനിമയം ചെയ്യപ്പെടുന്നത്. വയനാട് പോലുള്ള ജില്ലയില്‍ ഇത്തരത്തിലുള്ള പിന്തുണ പദ്ധതികള്‍ ലഭ്യമാകുന്നത് കുറയുന്ന സാഹചര്യത്തിലാണ് ഇവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കോണ്‍ക്ലേവ് ഒരുക്കിയത്. നീതി ആയോഗ്, സംസ്ഥാന സര്‍ക്കാര്‍, കെ.എസ്.ഐ.ഡി.സി, വയനാട് ഡി.ടി.പി.സി, ഐ.ടി. മിഷന്‍ എന്നിവരുടെയും പിന്തുണയിലാണ് വൈഫൈ 23 കോണ്‍ക്ലേവ് നടന്നത്.