എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പട്ടയ മിഷന്റെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജകമണ്ഡലം തല പട്ടയ അസംബ്ലിയുടെ പ്രഥമ യോഗം പി. മമ്മിക്കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ വില്ലേജ് അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന പട്ടയങ്ങളുടെ അപേക്ഷകളുടെ സ്ഥിതിഗതികള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കാനും മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പട്ടയം ആവശ്യമായ കുടുംബങ്ങളുടെ കണക്കെടുക്കാനും തീരുമാനമെടുത്തു.

ഒറ്റപ്പാലം താലൂക്ക് ഭൂരേഖ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സുനു ജോസ്, ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ്, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ചന്ദ്രന്‍, എ.പി ലതിക, കെ. ജയലക്ഷ്മി, കെ. ഗംഗാധരന്‍, കെ. അജേഷ്, വിവിധ വില്ലേജ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.