ചേർത്തല മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ തങ്കി കവല, റെയിൽവേ സ്റ്റേഷൻ, തിരുവിഴ കവല എന്നിവിടങ്ങളിൽ എൻ.എച്ചിനു കുറുകെ അണ്ടർ പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി.പ്രസാദ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കത്തു നൽകി. കേന്ദ്ര ഉപരിതല മന്ത്രിയായ നിധിൻ ഗഡ്കരിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സഹമന്ത്രിയായ വി.കെ.സിങ്ങിനെ കണ്ടാണ് പി.പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്.

ജനസാന്ദ്രതയേറിയ തീരപ്രദേശത്തേക്കും പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന തങ്കി-സെന്റ് മേരീസ് പള്ളിയിലേക്കും എൻ.എച്ചിൽ നിന്നുള്ള മാർഗ്ഗമായ തങ്കി ജംഗ്ഷനിലും രാപകൽ ഭേദമില്ലാതെ നിരവധി യാത്രക്കാർ എത്തുന്ന ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലും സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുവിഴ മഹാദേവ ക്ഷേത്രം, പടിഞ്ഞാറൻ തീരപ്രദേശം എന്നിവിടങ്ങളിലേക്കുള്ള മാർഗമായ തിരുവിഴ ജംഗ്ഷനിലും അണ്ടർപാസ്സ്/ ഫ്ലൈ ഓവർ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം കേന്ദ്രമന്ത്രിയെ കൂടിക്കാഴ്ചയിൽ ധരിപ്പിച്ചു.

ചേർത്തലയിലെ വളരെ പ്രധാനപ്പെട്ട ഈ സ്ഥലങ്ങളിൽ അണ്ടർപാസ്സ് അനുവദിച്ചിട്ടില്ല എന്നത് വലിയ പരാതികൾക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കും എന്ന് മന്ത്രി വി.കെ. സിങ്ങ് കൃഷി മന്ത്രിക്ക് ഉറപ്പു നൽകി. അണ്ടർ പാസ്സ് അനുവദിക്കുന്ന കാര്യത്തിൽ, ജംഗ്ഷനുകളുടെ പ്രാധാന്യം കണക്കിലെടുത്ത് അനുകൂല നിലപാട് കേന്ദ്രം സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.