കൊല്ലം കോര്‍പ്പറേഷനിലെ മാലിന്യമുക്ത നവകേരളം നടപടികള്‍ ഊര്‍ജിതമാക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. മാലിന്യമുക്ത ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
വീടുകളിലെ മാലിന്യ ശേഖരണം, യൂസര്‍ ഫീ എന്നിവയുടെ ശതമാന നിരക്ക് ഉയര്‍ത്തും. ഓരോ വാര്‍ഡിനെയും പ്രത്യേകം നിരീക്ഷിക്കും. എം സി എഫ്, മിനി എം സി എഫ് എന്നിവ കൂടുതല്‍ സ്ഥാപിക്കും. ഓരോന്നിനും ഒരു ഉദ്യോഗസ്ഥനെ വീതം ചുമതപ്പെടുത്തും. മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കുന്നുവെന്ന് ഉറപ്പാക്കും.
മാലിന്യ ശേഖരണത്തില്‍ സഹകരിക്കാത്ത ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ലൈസന്‍സ് പുനപരിശോധിക്കും. ചിക്കന്‍ സ്റ്റാളുകളിലെ മാലിന്യ നീക്കം പരിശോധിക്കും. ഇതുവരെയുള്ള നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യമുക്തം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കേതിരെ കര്‍ശന നടപടി എടുക്കാനും തീരുമാനമായി. കോര്‍പ്പറേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടര്‍ നിസാമുദീന്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ഡി സാജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.