പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.

കോട്ടയകുന്ന്, കണിയാന്‍തോട്, ടൊയോട്ടോ റോഡ്, പാലമുക്ക്, ചെറുപുഷ്പം കോണ്‍വെന്റ് റോഡ് എന്നിവിടങ്ങളിലാണ് നിലവില്‍ സി സി ടി വികള്‍ സ്ഥാപിച്ചത്. ഹരിതകര്‍മ സേനയുടെ സഹായത്തോടെ പ്രദേശം പലപ്രാവിശ്യം ശുചീകരിച്ചെങ്കിലും വീണ്ടും മാലിന്യങ്ങള്‍ കൂടിയതോടെയാണ് ക്യാമറ സജ്ജീകരിക്കാന്‍ തീരുമൈനിച്ചത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നവരുടെ വാഹന നമ്പര്‍ ഉള്‍പ്പെടെ ക്യാമറയിലൂടെ നിരീക്ഷിക്കാന്‍ സാധിക്കും.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.49 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഉറവിടമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തൃക്കോവില്‍വട്ടത്തെ മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജകുമാരി പറഞ്ഞു. ഇ എസ് ഐ ജങ്ഷന്‍, ഉപാസന റോഡ് എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്