നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന് കര്ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന് നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില് രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില് പൊതുവിപണിയില് പരിശോധന ശക്തമാക്കും. സാധാരണക്കാര്ക്ക് ന്യായവിലയ്ക്ക് സാധനങ്ങള് ലഭ്യമാക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള് സഹകരിക്കണമെന്നും ജില്ലാ കളക്ടര് വി.ആര് പ്രേംകുമാര് അഭ്യര്ഥിച്ചു.
വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്ന്ന് കര്മപദ്ധതികള് തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല് ശക്തമാക്കും. യഥാസമയം അളവുതൂക്ക ഉപകരണങ്ങള് മുദ്ര വെക്കാത്ത കച്ചവടക്കാര്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കും.
ഉപകരണങ്ങള് മുദ്രവെച്ചതായുള്ള സര്ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില് പ്രദര്ശിപ്പിക്കണം. ത്രാസിന്റെ ഡിസ്പ്ലേ ഉപഭോക്താവിന് വ്യക്തമായി കാണുന്ന രൂപത്തില് സ്ഥാപിക്കണം. വിലവിവര പട്ടിക, സ്ഥാപനം നടത്തുന്നതിനാവശ്യമായ ലൈസന്സുകള് എല്ലാം പൊതുജനം കാണത്തക്ക വിധം പ്രദര്ശിപ്പിക്കണം. ചരക്കുകളിലെ എം.ആര്.പി മായ്ക്കുക, മറയ്ക്കുക തുടങ്ങിയവയ്ക്കെതിരെയും നടപടി സ്വീകരിക്കും.
ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തട്ടുകടകളില് പ്രത്യേകം പരിശോധന നടത്താന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് യോഗത്തില് നിര്ദ്ദേശം നല്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിലുടനീളം പൊതുവിപണിയില് നടത്തിയ പരിശോധനയില് 116 ഇടങ്ങളില് ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു. അളവു തൂക്കത്തില് കൃത്രിമം കാണിച്ചതിനും വിവവിവരപ്പട്ടിക പ്രദര്ശിപ്പിക്കാത്തതിനും മൂന്ന് സ്ഥാപനങ്ങളില് നിന്നായി ലീഗല് മെട്രോളജി വകുപ്പ് 74,000 രൂപ പിഴ ഈടാക്കിയതായി ലീഗല് മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില് വ്യാപാരി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റ് കോണ്ഫ്രന്സ് ഹാളില് ചേര്ന്നു.
ന്യായമായ വിലയില് സാധാരണക്കാര്ക്ക് അവശ്യസാധനങ്ങള് നല്കാന് സഹകരിക്കണമെന്ന് കളക്ടര് വ്യാപാരികളോട് അഭ്യര്ത്ഥിച്ചു. യോഗത്തില് എ.ഡി.എം എന്.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ മറ്റു ജില്ലാതല ഉദ്യോഗസ്ഥര് തുടങ്ങിയവര് സംബന്ധിച്ചു.