വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്‌സ് പാർക്കിന്റെയും ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം വഴി പുരോഗമനപരമായ ഒട്ടനവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിന്റെ ഫലമായി 10 ലക്ഷത്തോളം വിദ്യാർത്ഥികൾ അൺ എയ്ഡഡ് മേഖലയിൽ നിന്ന് എയ്ഡഡ് മേഖലകളിലേക്കും സർക്കാർ സ്‌കൂളുകളിലേക്കും വരുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലെയും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് 3500 കോടി രൂപയാണ് ചെലവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മന്ത്രിയും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അനുമോദിച്ചു. എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്‌കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിനി സജു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഒ. കെ. ശ്യംകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വി. കെ. മഹിളാമണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. എൻ. സോണിയ, ശാലിനി മോഹനൻ, കുര്യക്കോസ് തോട്ടത്തിൽ, രാധാമണി മോഹനൻ, ലിസ്സി സണ്ണി, ജെ. നിയാസ്, സുമ തോമസ്, ലുക്ക് മാത്യൂ, ബേബി പൂച്ചുകത്തിൽ, മിനി ശിവൻ, എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ആശ ജോർജ്, വൈക്കം ഇ. എ. ഇ. ഒ. എം. ആർ. സുനിമോൾ, വൈക്കം ബി. പി. സി. ഓഫീസർ കെ.ഒ. മാമിക, ട്രെയിനർമാരായ സാറ ഗ്ലാഡിസ്, പി. എസ്. സന്തോഷ്, സ്‌കൂൾ പ്രധാനാധ്യാപിക ബീന കുര്യൻ, പി. ടി. എ. പ്രസിഡന്റ് ജോർജ് സ്‌കറിയ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ ടി. ബി. മോഹനൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.