വിലക്കുറവിൽ സ്വാദിഷ്ട ഭക്ഷണം… ജനങ്ങൾ ഏറ്റെടുത്ത് ഹിറ്റായി അങ്കമാലിയിലെ സുഭിക്ഷാ ഹോട്ടൽ. വിശപ്പരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച “സുഭിക്ഷ” ഹോട്ടൽ മാസങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഹോട്ടൽ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമാകുകയാണ്. ഡ്രൈവർമാർ, തൊഴിലാളികൾ, തൊട്ടടുത്ത അങ്കമാലി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കാൻ എത്തുന്നവർ, വിദ്യാർത്ഥികൾ, അടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാർ അങ്ങനെ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. 20 രൂപ നിരക്കിലാണ് സാമ്പാർ, അച്ചാർ, തോരൻ എന്നിവ ഉൾപ്പെടെ ഊണ് നൽകുന്നത്. 30 മുതൽ 40 രൂപ നിരക്കിൽ മത്സ്യ മാംസ വിഭവങ്ങളും ലഭിക്കും.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ബ്ലോക്ക് പഞ്ചായത്ത് കാന്റീൻ നടത്തിയിരുന്ന ഏലിയാസിന്റെ നേതൃത്വത്തിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. അഞ്ച് ജീവനക്കാരാണ് ഇവിടെയുള്ളത്. നിലവിൽ ഉച്ചഭക്ഷണം മാത്രമാണ് നൽകുന്നത്.
ജനത്തിരക്ക് അധികമായതോടെ ഹോട്ടലിന്റെ സ്ഥലസൗകര്യം വർദ്ധിപ്പിക്കാനും പ്രഭാത ഭക്ഷണം കൂടി നൽകാനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി.