ജലസുരക്ഷയിലേക്ക് ആദ്യ ചുവടുവയ്പ്പിന്റെ ഭാഗമായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം നടത്തും. ഇത് ലഭ്യമാകുന്നതിനനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ബ്ലോക്ക് തലത്തില്‍ വിശകലനം ചെയ്യും. ഓഗസ്റ്റ് 15 നകം ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യാനാണ് ലക്ഷ്യമാക്കുന്നത്.

ഓഗസ്റ്റ് ഏഴോടെ വിവരശേഖരണം പൂര്‍ത്തിയാക്കും. ജലവിഭവം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള ജലലഭ്യതയുടെ കണക്കാണ് തയ്യാറാക്കുന്നത്. ഇതിനനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ബ്ലോക്ക് തലത്തില്‍ ജലബജറ്റ് തയ്യാറാക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രവീന്ദ്രന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതിക മണികണ്ഠന്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജി കൃഷ്ണന്‍കുട്ടി, കൃഷി ഓഫീസര്‍ ബിന്‍സി, ജൂനിയര്‍ സൂപ്രണ്ട് പ്രതീഷ്, എന്‍.ആര്‍.ഇ.ജി.എസ് അസിസ്റ്റന്റ് എന്‍ജിനീയര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.