കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്‌സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ. ‘ഡെലിബാൻ’ എന്ന പേരിലാണ് ചിപ്‌സ് വിഭവങ്ങൾ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തിൽ 35 ഓളം യൂണിറ്റുകളെയാണ് ബ്രാൻഡിങിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് മറ്റ് യൂണിറ്റുകളെയും പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി 15 ബ്ലോക്കുകളിലെയും സംരംഭകരെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്.
സംരംഭങ്ങളെ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജറിലേക്ക് (എസ്.ഒ.പി) മാറ്റുകയും പാക്കിങ് ഉൾപ്പെടെയുള്ളവയ്ക്ക് ഏകീകരണം ഉറപ്പാക്കുകയും ചെയ്യും. ബാർ കോഡ് സംവിധാനവും ഒരുക്കും. ഈ സാമ്പത്തിക വർഷത്തിൽത്തന്നെ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. അതിനായി സംസ്ഥാന മിഷനിലേക്ക് ഫണ്ടിനായുള്ള പ്രൊപ്പോസൽ നല്കിയിട്ടുണ്ട്. അത് അംഗീകരിക്കുന്നതോടുകൂടി പദ്ധതി നിലവിൽ വരും. ആദ്യഘട്ടത്തിൽ കായവറുത്തതാണ് ‘ഡെലിബാൻ’ ബ്രാൻഡിൽ വിപണിയിലെത്തിക്കുക. പിന്നീട് കപ്പ, ചക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ചിപ്‌സും വിപണിയിലെത്തിക്കും.