നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ടി.എൻ സീമ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി ബാലുശ്ശേരി നിയോജകമണ്ഡലമാണ് ജലത്തിലൂന്നിയ സമഗ്രവികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് അവർ പറഞ്ഞു. ഈ മുന്നേറ്റം ഒരു മാതൃകയാണെന്നും ടി.എൻ സീമ പറഞ്ഞു.

കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത സ്വാഗതം ആശംസിച്ച ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി പ്രോഗ്രാം ഓഫീസർ വി രാജേന്ദ്രൻ ഹരിത കേരളം മിഷന്റെ ഇടപെടലുകളെക്കുറിച്ച് സംസാരിച്ചു. ജലസ്രോതസ്സുകൾക്കകത്ത് കൂടുതൽ ജലം ഉൾക്കൊള്ളാൻ ആവും വിധത്തിൽ അവയെ ഒരുക്കിയെടുക്കുന്ന പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷനിലൂടെ നടക്കുന്നത്. വെള്ളപ്പൊക്കം ഇല്ലാതാക്കാൻ ഇത്തരം ഇടപെടലുകൾ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

നവകേരളം അസിസ്റ്റന്റ് കോർഡിനേറ്റർ എബ്രഹാം കോശി പഠന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലത്തിൽ വിവിധ മേഖലകളിലെ സാധ്യതകളെ ഉപയോഗപ്പെടുത്തും വിധത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമൻ എം അവതരണം നടത്തി. സാമൂഹ്യ, ജനകീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ സമ്പൂർണ മാലിന്യനിർമ്മാർജ്ജനം സാധ്യമാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, സി.എച്ച് സുരേഷ്, ടി.പി ദാമോദരൻ മാസ്റ്റർ, രൂപലേഖ കൊമ്പിലാട്, സി അജിത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.