അതിവേഗം മാറുന്ന വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ അയവേറിയ സമീപനം വേണമെന്ന് വ്യവസായ, കയർ മന്ത്രി പി രാജീവ്. കയർ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയർ മേഖലയിലെ ഡിസൈൻ ആൻഡ് പ്രൊജക്റ്റ് ഡെവലപ്‌മെൻറ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയർ മേഖലയിൽ വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവും വേണം എന്ന കാര്യത്തിൽ ആർക്കും ഇപ്പോൾ എതിരഭിപ്രായമില്ല. ഈ മേഖലയെക്കുറിച്ച് പഠിച്ച വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചേ സർക്കാർ തീരുമാനം എടുക്കുകയുള്ളൂ. നിലവിൽ സർക്കാർ നൽകുന്ന പണമുപയോഗിച്ചുള്ള സംഭരണമാണ് കയർ മേഖലയിൽ നടക്കുന്നത്. എന്നാൽ വിറ്റഴിക്കലിന്റെ ആവശ്യമനുസരിച്ച് മാത്രം മതി ഇനി സംഭരണം. ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ മുഴുവൻ സംഭരിക്കാൻ സർക്കാറിന് കഴിയില്ല. വിപണിക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കേണ്ടതുണ്ട്. വിപണിയാകട്ടെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ വർധിച്ച സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞ കയർ മന്ത്രി കയർ മേഖലയിലെ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മേഖലയ്ക്ക് നന്നായി പോകാൻ കഴിയുകയുമെന്ന് വ്യക്തമാക്കി.
കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കയർ വകുപ്പ് ഡയറക്ടർ വി.ആർ വിനോദ്, കയർഫെഡ് ചെയർമാൻ ടി.കെ ദേവകുമാർ, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, ടി. ഒ ഗംഗാധരൻ എന്നിവർ സംസാരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കെ.എസ്.ഐ.ഡി.സി, റിയാബ് എന്നിവയിലെ ഫാക്കൽറ്റി, ജീവനക്കാർ, കലാകാരന്മാർ, കയറ്റുമതി വ്യാപാരികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.