സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിലവിലുള്ള ബോർഡിന്റെ 3 വർഷത്തെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് 17 അംഗങ്ങൾ ഉൾപ്പെട്ട സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചു ഉത്തരവായതെന്ന് മന്ത്രി അറിയിച്ചു. 11 ഔദ്യോഗിക അംഗങ്ങൾക്കു പുറമെ എൻ ജി ഒ പ്രതിനിധി കണ്ണൂർ ‘ചോല’ സെക്രട്ടറി, ട്രാൻസ്‌ജെൻഡർ വിഭാഗം പ്രതിനിധികളായ നേഹ സി മേനോൻ, അർജുൻ ഗീത, ലയ മരിയ ജെയ്‌സൺ, ഇഷ കിഷോർ, ശ്യാമ എസ് പ്രഭ എന്നിവരുൾപ്പെട്ടതാണ് ബോർഡ്. സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ഉന്നമനത്തിനായി അംഗീകരിച്ച പോളിസിയുടെ ഭാഗമായാണ് സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് രൂപീകരിച്ചത്.