12 പരാതികള്‍ ലഭിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉപഭോക്തൃ, സപ്ലൈകോ, റവന്യൂ, അക്ഷയ, പട്ടിക വര്‍ഗ്ഗം, ആരോഗ്യം, രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ചു. 12 പരാതികളാണ് ലഭിച്ചത്. മുന്‍ യോഗത്തില്‍ ലഭിച്ച മൂന്ന് പരാതികളില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എ.ഡി.എം മറുപടി നല്‍കി.

പുതുതായി ലഭിച്ച പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് കൈമാറും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ഐ. ഫറോസ്, ഫിലിപ്പ് സാം, എസ്.പി സുജിത്, വി. ഷിബു, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.