കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ സെമിനാർ നടത്തിയത്. സെമിനാറിൽ വിവിധ ഇനം ചെറുധാന്യങ്ങളെ പരിചയപ്പെടുത്തി. ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് ഡോ. ദീപ്തി ക്ലാസ് എടുത്തു. കൊയിലാണ്ടി കൃഷി ഓഫീസർ വിദ്യ, ഐ സി ഡി എസ് സൂപ്പർവൈസർ സബിത, കൃഷി അസിസ്റ്റന്റ് അപർണ എന്നിവർ ചടങ്ങിൽ സംസാരിച്ചു.