തൊഴിലിടങ്ങളില്‍  സ്ത്രീ സുരക്ഷയും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ തയാറാവണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.
തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ പരിരക്ഷ നല്‍കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിങ് സംവിധാനം ഉറപ്പ് വരുത്തണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

കൗമാരം കരുത്താക്കൂ പ്രത്യേക കാമ്പയിന്റെ ഭാഗമായി കൗമാരപ്രായക്കാര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ മാനസികപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് അകത്തും പുറത്ത് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കി വരികയാണ്. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള 21 സ്‌കൂളുകളിലായാണ് കാമ്പയിന്‍ നടത്തിവരുന്നത്. വിവിധയിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാനും കാമ്പയിനുകള്‍ സംഘടിപ്പിക്കും. ആദിവാസി മേഖലകളിലെയും തീരദേശ പ്രദേശങ്ങളിലെയും സീരിയല്‍ മേഖലകളിലെയും സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുവാനും പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനുമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുകയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

സ്ത്രീകളുടെ പരാതികള്‍ യഥായോഗ്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും എല്ലാ ജില്ലകളിലും ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഭാഗമായുള്ള ജാഗ്രതാ സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പരിശീലന പരിപാടികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും  ചെയര്‍പേഴ്സണ്‍ പറഞ്ഞു.

അദാലത്തില്‍ 40 പരാതികള്‍ പരിഗണിച്ചു. അഞ്ച് കേസുകള്‍ തീര്‍പ്പാക്കുകയും രണ്ട് പരാതികളില്‍  പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി അയയ്ക്കുകയും ചെയ്തു. ഒരു പരാതിയില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ കേസ് നടത്തുന്നതിന് പരാതിക്കാരിക്ക് സൗകര്യം ഒരുക്കുകയും ചെയ്തു. ബാക്കി 32 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്.

പാനല്‍ അംഗങ്ങളായ അഡ്വ. കെ.ജെ. സിനി, ആര്‍. രേഖ, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ നീമ ജോസ്, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥ ഇ.കെ. കുഞ്ഞമ്മ എന്നിവര്‍ പങ്കെടുത്തു.