മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ബോധവല്‍ക്കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ഐ സി ഡി എസ് സെല്‍ ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം 2023 ന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

”തൊഴിലിടങ്ങള്‍ മുലയൂട്ടല്‍ സൗഹൃദമാക്കുക” എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ പ്രമേയം. ഇത് പ്രവര്‍ത്തികമാക്കുന്നതിന് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ചുറ്റുമുള്ള കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയും ബോധവാന്‍മാരാക്കണമെന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ അധ്യക്ഷത വഹിച്ചു.

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന സെമിനാറും സംഘടിപ്പിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബെറ്റ്‌സിയും മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്, ഐ എം എസ് ആക്ട് എന്നീ വിഷയങ്ങളില്‍ അഡ്വ. മിനി വി.എസ്സും ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി എസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിഷ വി.ഐ, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പ്രമീള എ.എസ്, ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി.ജി, ശിശു വികസന പദ്ധതി ഓഫീസര്‍ ഡോ. ആന്‍ ഡാര്‍ളി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.