IDSFFK രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി മാറിയെന്ന് മന്ത്രി സജി ചെറിയാൻ

ആറു ദിവസം നീളുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടക്കമായി.

കൈരളി തിയേറ്ററിൽ വൈകിട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്തു. 15 വർഷം കൊണ്ട് രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി കേരളത്തിന്റെ രാജ്യാന്തര  ഡോക്യുമെന്റി ഹ്രസ്വചിത്രമേള മാറിയെന്നു അദ്ദേഹം പറഞ്ഞു. ചില ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപോരാട്ടങ്ങൾ തന്നെ ചലച്ചിത്ര അക്കാദമിക്കു നടത്തേണ്ടി വന്നു. ജെ.എൻ.യു സമര പശ്ചാത്തലത്തിൽ വിഷയമായ ചിത്രത്തിനും ആനന്ദ് പട്‌വർദ്ധന്റെ ‘റീസൺ’ എന്ന ചിത്രത്തിനും ഹൈക്കോടതിയിൽ പോയി അനുമതി വാങ്ങിയാണ് മുൻ വർഷങ്ങളിലെ മേളകളിൽ പ്രദർശിപ്പിച്ചത്. ചലച്ചിത്രകാരന്മാരുടെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും കൂടി പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജനാധിപത്യ വേദിയാണ് മേളയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര സിനിമാ നയം തയ്യാറാക്കുന്നതിന്റെ ഭാഗമായി സിനിമയുടെ എല്ലാ മേഖലയിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി രണ്ടു ദിവസത്തെ കോൺക്ലവ് സംഘടിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസി ഡാനിയേൽ പുരസ്‌കാര ജേതാവായ സംവിധായകൻ ടി.വി ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി.

ഫെസ്റ്റിവൽ കാറ്റലോഗ്  ടി.വി ചന്ദ്രൻ, ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ കനു ബേലിനു നൽകിയും   ഡെയ്‌ലി ബുള്ളറ്റിൻ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, നടിയും ജൂറി അംഗവുമായ തിലോത്തമ ഷോമിന് നൽകിയും പ്രകാശനം ചെയ്തു.

കനു ബേൽ, ഷാജി എൻ കരുൺ, തിലോത്തമ ഷോം, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും പറഞ്ഞു.

തുടർന്ന് ഉദ്ഘാടന ചിത്രമായ ‘സെവൻ വിന്റേഴ്സ് ഇൻ ടെഹ്റാൻ’ പ്രദർശിപ്പിച്ചു.  പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയൻ വനിത റെയ്ഹാന ജബ്ബാറിയുടെ കഥ പറഞ്ഞ ഈ പേർഷ്യൻ ഡോക്യുമെന്ററി നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

44 രാജ്യങ്ങളിൽ നിന്നായി നവാഗതർ ഉൾപ്പെടെയുള്ള സംവിധായകരുടെ അതിശക്തമായ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുൾക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കുന്നത്. ഇന്ത്യയിൽ നിന്ന് ഓസ്‌കാർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്സ്’ ഉൾപ്പെടെ രാജ്യാന്തര മേളകളിൽ ബഹുമതികൾ നേടിയ ചിത്രങ്ങൾ വിരുന്നൊരുക്കുന്ന മേള 78 ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിനും വേദിയാകും. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

അനിമേഷൻ, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റർനാഷണൽ തുടങ്ങി 23 വിഭാഗങ്ങളിലെ ചിത്രങ്ങൾ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി രാവിലെ 9 മുതൽ പ്രദർശിപ്പിക്കും.