ഖാദിയുടെ വളർച്ചയ്ക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

ഖാദി മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഖാദി മേഖലയുടെ വളർച്ചയ്ക്കും സമഗ്ര പുരോഗതിക്കുമായി വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾക്ക് തൊഴിൽ നൽകാൻ ഖാദി സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ ഖാദിയുടെ അംബാസിഡർമാരായി നിന്നുകൊണ്ട് ഖാദിയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആദ്യവില്പനയും, സമ്മാനകൂപ്പൺ വിതരണവും മന്ത്രി നിർവഹിച്ചു. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രമോദ് കെ പ്രഭാകർ ആദ്യവിൽപന ഏറ്റുവാങ്ങി.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം മുരളീധരൻ, ഖാദി സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സർവ്വീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ.ഷിബി നന്ദിയും പറഞ്ഞു.