സംസ്ഥാന സർക്കാർ കായിക മേഖലയിൽ നടപ്പിലാക്കുന്നത് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കുന്നുമ്മൽ വനിതാ വോളിബോൾ അക്കാദമിക്കായി അനുവദിച്ച ഒരു കോടി രൂപയുടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് സർക്കാർ കായിക മേഖലക്കായി അനുവദിച്ചത്. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനവും കായിക രംഗത്ത് ഇത്രയും വലിയ തുക ചെലവഴിക്കുന്നില്ല. എല്ലാ ജില്ലകളിലും സ്‌റ്റേഡിയം നിർമ്മിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കളിക്കളം ഇല്ലാത്ത താലൂക്കുകളിലും, പഞ്ചായത്തുകളിലും കളിക്കളം നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കായിക നയത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ കായിക മേഖലയെ പരിചയപ്പെടുത്തുന്ന കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. പുതിയ തലമുറ ഏറ്റവും നല്ല രീതിയിലാണ് കായിക മേഖലയെ നോക്കിക്കാണുന്നതെന്നും സർക്കാർ കായിക രംഗത്ത് പുതിയ തൊഴിലവസരങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.
സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജയചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വോളിബോൾ അക്കാദമി സെക്രട്ടറിയും മുൻ എം എൽ എയുമായ കെ.കെ ലതിക എന്നിവർ മുഖ്യാതിഥികളായി.
കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വട്ടോളിയിൽ വാങ്ങിയ ഒരേക്കർ സ്ഥലത്ത് കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവിടെ സംരക്ഷണ ഭിത്തിയും, കളിസ്ഥല വികസനവും, ചുറ്റുമതിലും, ഗേറ്റും, 6 മീറ്ററോളം വരുന്ന ഫെൻസിംഗും, ഫ്ലഡ് ലൈറ്റ് പോസ്റ്റുകളും ഉൾപ്പെടെ 1 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടപ്പിലാക്കുക.