ജില്ലാ ആസൂത്രണ സമിതിയോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്ത നവകേരളം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യകൂമ്പാരങ്ങളുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും ആവശ്യമായ എം.സി.എഫുകള്‍ സ്ഥാപിക്കുകയും സ്ഥാപിച്ചവ പരിപാലിക്കുകയും ചെയ്യണമെന്ന് ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
മാലിന്യമുക്തം നവകേരളം ക്യാംപയിനിന്റെ ഭാഗമായി നടത്തിയ ഗ്യാപ് അനാലിസിസ് പ്രകാരം കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. ഭേദഗതി വരുത്തിയ 106 പദ്ധതികള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി.
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കണം. നേരത്തെ തയ്യാറാക്കിയ കര്‍മ്മപദ്ധതി പ്രകാരം മുമ്പോട്ട് പോകണമെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.