ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസമായി നടത്തിയ പരിശോധയിൽ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ പ്രവർത്തിച്ച ചെറുതും വലുതുമായ 228 കടകൾ അടപ്പിച്ചു. ഓണക്കാലത്ത് കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി ജോസഫിന്റെ നേതൃത്വത്തിൽ 13 സർക്കിളുകളിലായി 12 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.

ചെറുകിട രജിസ്ട്രേഷനെടുത്തു വൻകിട രീതിയിൽ പ്രവർത്തിച്ചിരുന്ന 108 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിഷ്കർഷിച്ചിട്ടുളള ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകി. അടച്ച കടകൾ നിയമാനുസൃതം ലൈസൻസ് എടുത്താൽ മാത്രമെ തുറക്കാൻ അനുവദിക്കൂ. മൂന്ന് ദിവസങ്ങളിലായി 904 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും. മായം കലർത്തുന്നുണ്ടെന്ന് വിവരം ലഭിച്ച സ്ഥലങ്ങളിലും പരിശോധന നടത്തും.